Hot Posts

6/recent/ticker-posts

അടൂര്‍ ഭവാനി.

 

അടൂര്‍ ഭവാനി

"ഈ മാധവൻക്കുട്ടിക്ക് ഒരു ഇരട്ടപ്പേരുണ്ടല്ലോ മക്കളെ, അതെന്തുവാ?"...ഹിറ്റ്ലർ എന്ന സിനിമയിലെ ഈ ചോദ്യം കേട്ട് ചിരിക്കാത്ത മലയാളികളില്ല. ഹാസ്യത്തിന്റെ രസക്കൂട്ടുചാലിച്ച തൻമയത്തമുളള അഭിനയവും കൂർപ്പിച്ചുള്ള നോട്ടവുമൊക്കെക്കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയാണ് അടൂര്‍ ഭവാനി. ഒരിക്കൽ മലയാള ചലച്ചിത്രരംഗത്ത്‌ നിറസാന്നിധ്യമായിരുന്ന താരമായിരുന്നു അടൂര്‍ ഭവാനി. അമ്മയായും അമ്മൂമ്മയായും അതാത് വേഷത്തിന്റെ സ്വഭാവികതയിൽ തന്നെ അഭിനയിച്ചിരുന്ന നടി.
ഒരുപാട് കലാകാരൻമാർക്ക് ജന്മം നൽകിയ അടൂരിൽ, കുഞ്ഞിരാമൻപിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി 1927
ലാണ് ഭവാനിയമ്മയുടെ ജനനം.
 
1953 'ശരിയോ തെറ്റോ' എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. സിനിമയിലെ അരങ്ങേറ്റത്തിനുശേഷം അടൂർഭവാനി കെ പി എ സി യിൽ ചേർന്നു. പിന്നീട് നാടകത്തിലാണു കൂടുതലും അഭിനയിച്ചത്. മുടിയനായ പുത്രന്‍, യുദ്ധകാണ്ഡം, മൂലധനം, അശ്വമേധം, തുലാഭാരം തുടങ്ങിയ നാടകങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു ജനശ്രദ്ധ നേടിയിരുന്നു. മുടിയനായ പുത്രൻ സിനിമയായപ്പോൾ ഭവാനിക്ക് അതിൽ വേഷം ലഭിച്ചു.
 
ചെമ്മീനിലെ നായിക കറുത്തമ്മയുടെ അമ്മ ചക്കിമരക്കാത്തി എന്ന വേഷം അടൂർഭവാനിയെ മലയാളസിനിമയിലെ മികച്ച അഭിനേത്രിയായി വളർത്തി. ജീവിതത്തിന്റെ നല്ലൊരു ഭാഗം സിനിമയ്‌ക്കായി മാറ്റിവെച്ച ഭവാനിയമ്മ ഏകദേശം അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. കോട്ടയം കുഞ്ഞച്ചൻ, തുലാഭാരം, അടിമകൾ, കൂട്ടുകുടുംബം, അനുഭവങ്ങൾ പാളിച്ചകൾ എന്നിവയിലെ അഭിനയം ഏറെ പ്രശംസ നേടിയതായിരുന്നു. അടൂർഭവാനിയുടെ അവസാനത്തെ സിനിമ സേതുരാമയ്യർ സി.ബി. ഐ ലെ , പാത്രം താഴെ ഇടുമ്പോൾ തിരിഞ്ഞു നോക്കുന്ന വേലക്കാരി കഥാപാത്രം പ്രേക്ഷക മനസ്സിൽ എന്നും മായാതെ നിൽക്കും.
 
'കള്ളിച്ചെല്ലമ്മ' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡും, പ്രേംജി പുരസ്‌കാരവും, കേരള സംഗീത നാടകഅക്കാദമിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അടൂർ ഭവാനി 2009 ഒക്ടോബർ 25 ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
അടൂർ ഭവാനിയുടെ സഹോദരിയാണ് അടൂർ പങ്കജം.
ശ്രദ്ധേയമായ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു മലയാള സിനിമയുടെ ശ്രദ്ധേയഭാഗമായ അഭിനേത്രിയ്ക്ക് മുഖക്കുറിയുടെ പ്രണാമം...

സുബി സാജൻ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍