ഇന്ന് തിരുവോണം ...!പൊന്നോണ ഓർമ്മകൾ സുഖ ദായകമാണ് ..!ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉത്സവമാണ് തിരുവോണം ..!സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി ഓണം എത്തിച്ചേരുന്നു .
ഓർമ്മകളിൽ സൂക്ഷിക്കാൻ ഒരു കുട്ടിക്കാലം ..!
കുട്ടിക്കാലത്തെ ഓണം ഓർമ്മകൾ ...
ഓണത്തിന് രണ്ടു ദിവസം മുൻപേ നാട്ടിലെ ചുണക്കുട്ടികൾ കുറേപ്പേർ ചേർന്ന് ഒരാളെ കടുവ കെട്ടിക്കും ..! ശരീരമാകെ തുമ്പച്ചെടി വച്ചുകെട്ടി , മുഖത്തൊരു കവുങ്ങിൻ പാളയും ഫിറ്റ് ചെയ്ത് ( കണ്ണ് കാണാവുന്ന വിധം )
ഓരോ വീട്ടിലേക്കും " ആർപ്പോ ഇർറോ .. " വിളികളോടെ കടന്നു വരും . താളാത്മകമായി രണ്ടു മൂന്ന് റൗണ്ടുകൾ പിന്നിടുന്നതോടെ വേട്ടക്കാരൻ കടുവയ്ക്ക് നേരെ വെടി ഉതിർക്കുന്നു . കിട്ടുന്ന പൈസയും വാങ്ങി സംഘം സ്ഥലം വിടുന്നു .
ചതയത്തിനുള്ളിൽ നാല് ഗ്രൂപ്പുകൾ എങ്കിലും ഇതുപോലെ എത്താറുണ്ട് ..!
എത്ര ഗ്രൂപ്പുകൾ ആയാലും ആരിലും മടുപ്പ് ഉളവാകുന്നില്ല എന്നതാണ് യാഥാർഥ്യം ..!
ഈ സമയം ഞങ്ങളുടെ കിഴക്കു ഭാഗത്തെ നെടു നീളൻ മുറ്റത്ത് ... നെല്ലിന്റെ കറ്റകൾ മെതിച്ച് നെല്ലാക്കി അളന്ന് കുറിക്കുകയും ... മറ്റൊരിടത്ത് പടു കൂറ്റൻ പഞ്ഞി മരത്തിൽ കച്ചി കൊണ്ട് ' തുറുവ് ' തീർക്കുന്ന തിരക്കുമായിരിക്കും ..!
പുരയിടത്തിന്റെ പല ഭാഗത്തുമായി സന്തോഷത്തോടെ അതിലുപരി നിർവൃതിയോടെ പുല്ല് തിന്ന് രസിക്കുന്ന ആനയോളം വലിപ്പമുള്ള നാലഞ്ച് പശുക്കളും അവറ്റകളുടെ കിടാങ്ങളും ..!
ഓണം മുതൽ നാലഞ്ചു ദിവസത്തേക്കുള്ള പച്ചക്കറികൾ വാങ്ങാനുള്ള ഓട്ടമാണ് പിന്നീട് ...വാങ്ങുന്ന പച്ചക്കറികൾ നിലത്ത് ചാക്ക് വിരിച്ച് നിവർത്തിയിടും ..
ഉത്രാടം വൈകിട്ടോടെ ചേട്ടന്മാരും ഫാമിലിയും എത്തിച്ചേരും ...!
എല്ലാവരും കൂടി കഥകളും വിശേഷങ്ങളും പറഞ്ഞ് രാത്രി 11 മണി വരെയും ഇരുന്ന് പച്ചക്കറി നുറുക്കും ...!ഇടയ്ക്ക് ചായയും പലഹാരങ്ങളുമായി ഉന്മേഷത്തോടെ അച്ഛനും അമ്മയും ഒപ്പമുണ്ടാകും ..!
തിരുവോണദിവസം അതിരാവിലെ നാലു മണിക്ക് തന്നെ ഓരോരുത്തരായി ഉണർന്നെണീറ്റ് അടുക്കളയിൽ നല്ല മേളമായിരിക്കും ... ചായ കുടിയും വിശേഷങ്ങളും ചിരിയും അങ്ങനെ ...രാവിലെ എണീറ്റ് വരുന്നവർ ഓരോരുത്തരായി തങ്ങളുടേതായ കോൺട്രിബ്യുഷൻസ് വാരി വിതറുകയായി ...
രാവിലത്തെ കാപ്പിയും പലഹാരവും കഴിഞ്ഞാൽ ഇടയ്ക്കിടെ സ്പെഷ്യൽ ചായ പ്രത്യേകമുണ്ട് ..ഉച്ചക്ക് സദ്യക്കുള്ള വാഴയിലകൾ മുറിച്ചു കഴുകിവയ്ക്കുകയാണ് അടുത്ത ചടങ്ങ് ..പല ഭാഗത്തു നിന്നുമുള്ള ബന്ധു മിത്രാദികൾ അന്നും പിറ്റേ ദിവസവുമായി എത്തിയിരിക്കും ..
മുറ്റത്ത് ഒരു ഭാഗത്തായുള്ള ഭീമൻ പുളിമരകൊമ്പിലിട്ട ഊഞ്ഞാലിൽ ഊർജ്ജസ്വലതയോടെ പലരും ആടി രസിക്കും ... ചിലർ സിനിമയ്ക്കായി വച്ചു പിടിക്കും ... മറ്റു ചിലർ ഉദ്യോഗ സംബന്ധമായ കാര്യങ്ങൾ പറഞ്ഞങ്ങനെ രസിച്ചിരിക്കും ..ഇതിനിടെ വിശാലമായ ഇവിടുത്തെ കുളത്തിൽ നീന്തി കുളിക്കാനും ഒരു വിഭാഗമുണ്ട് ..
ചതയം ആയാൽപ്പിന്നെ ബന്ധുക്കളെല്ലാം തൂത്തതിച്ചു തിരിച്ചു പോയിരിക്കും ..
എല്ലാവരും ഓണം കഴിഞ്ഞ് തിരിച്ചു പോയാലും ഓരോ രണ്ടു മാസം കൂടുമ്പോഴും ... ഇവരെല്ലാം ഇങ്ങോട്ടേക്ക് വീണ്ടും എത്തിച്ചേരുക പതിവാണ് ..
നീലാംബരീയത്തിലെ എല്ലാവർക്കും ഐശ്വര്യ പൂർണമായ ഓണാശംസകൾ.