നാനാവർണ്ണങ്ങളിൽ നിറഞ്ഞാടുന്ന തിരുവോണപ്പൂക്കളം പോലെയാണ് ഓണത്തിന്റെ ഓർമ്മകൾ.... സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പങ്കുചേരലിന്റെ, രുചിയുടെ, തനിമയുടെ, പുതുക്കോടിയുടെ എല്ലാത്തിന്റെയും മധുരിക്കുന്ന അനുഭവങ്ങൾ....
ഒട്ടും നിറം മങ്ങാതെ ; പുതുമയോടെ ..... ഓണം, ആഘോഷം എന്നതിലുപരി നമുക്ക് ഗൃഹാതുരത്വം നിറഞ്ഞ സ്മരണകൾ കൂടിയാണ്. ഓണ ദിനങ്ങൾക്കായി എല്ലാവരെയും പോലെ കാത്തിരുന്ന നല്ല ഒരു കുട്ടികാലമെനിക്കും ഉണ്ടായിരുന്നു... ഓണാവധിയും, ഒത്തു കൂടുന്ന ബന്ധുക്കളും, ഓണസദ്യയുമൊക്കെ ഇന്ന് ഓർക്കുമ്പോൾ എത്ര മനോഹരം.
ശരിക്കും ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ട കുട്ടികാലത്തെ ഓണം തന്നെയാണ് എന്നും സുന്ദരമായ ഓണം...ഇന്നത്തെപ്പോലെ റെഡി ടൂ ഈറ്റ് സദ്യകൾ ഇല്ലാത്ത കാലം. ഓർഡർ ചെയ്താൽ വീട്ടിലെത്തുന്ന ഓണ സദ്യ. പക്ഷേ,വീട്ടിലെ ഓണസദ്യയുടെ രുചിയും മണവും..... അതിനോളമെത്തില്ല; ഒന്നും.
ഓണക്കാലത്ത് നാം ഒരുമിച്ച് കൂട്ടുകാരോടൊപ്പം ഓടി കളിച്ച അനുഭവങ്ങൾ ഇന്നത്തെ കുട്ടികൾക്ക് കിട്ടാത്ത സൗഭാഗ്യങ്ങളാണ്.
പിന്നെ സ്കൂളിലെ ഓണാഘോഷങ്ങൾ,
അത്തപ്പൂക്കള മത്സരം ആ അനുഭവങ്ങളും ഇപ്പോൾ ഇതെഴുതുമ്പോൾ
മനസ്സിൽ കടന്നു വരുന്നു.
എത്ര നല്ല സ്കൂൾ ദിനങ്ങളായിരുന്നു അന്നൊക്കെ...
വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണം, കുഞ്ഞിന്റെ ആദ്യ ഓണം ഇതൊക്കെയാണ് പിന്നീട് എന്റെ ഓർമ്മയിലെ ഓണം. ജീവിതത്തിൽ എന്നുമോർക്കുന്ന സന്തോഷമുള്ള നിമിഷങ്ങൾ...
ഇപ്പോൾ കുറേ വർഷങ്ങളായി മസ്കറ്റിലാണ് ഓണനാളുകൾ. പരിമിതികളുണ്ടെങ്കിലും ഓണാഘോഷത്തിനു കുറവൊന്നുമില്ല. അങ്ങനെയാണ് നമ്മൾ മലയാളികൾ.
കോവിഡ് കാലയളവിൽ രണ്ടുമൂന്നു വർഷങ്ങൾ നമുക്ക് ഈ ആഘോഷങ്ങളും കൂട്ടായ്മകളും സ്വപ്നമായിരുന്നു അല്ലേ... ഒരിക്കൽ നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് ഇതൊക്കെ എത്ര വലുതാണ് നമ്മുടെ ജീവിതത്തിലെന്ന് മനസിലാക്കിയത്. നമുക്ക് കിട്ടിയ ഈ അവസരങ്ങളൊക്കെ ആഘോഷിക്കുക. ഇതൊക്കെ ഒരു വരം തന്നെയാണ് ഈ കാലത്തിൽ
മധുരമുള്ള ആ ഓണദിനങ്ങൾക്ക് ഈശ്വരനോട് നന്ദി പറയുന്നു, ഒപ്പം ഇപ്പോൾ ആ ഓർമ്മകളുണർത്തിയ നീലാംബരീയത്തിനോടും...
നീലാംബരീയം കുടുംബത്തിലെ ഏവർക്കും ഹൃദയം നിറഞ്ഞ എന്റെ ഓണാശംസകൾ...