തൊട്ടു ഞാനൊന്നടുത്തിരിക്കട്ടെ
ഒട്ടുനേരമീ പുലരി വേളയിൽ.
അഴകുതൂകി വിടർന്നു നിൽക്കുമീ
മലരുകൾ ചെറു കാറ്റിലായ്
താളമിട്ടു ചിരിച്ചു പാടുന്നു
ശ്രുതിയിണക്കമായ് മധുരഗാനവും.
അരുണബിംബമുദിച്ചു നഭസ്സിലും
നയനമോഹന കാഴ്ചയൊരുക്കുവാൻ
നളിനമൊക്കെ വിടർന്നു പുലർച്ചയിൽ
പ്രമദ രാഗമായ് പൂവുടൽ പുൽകവെ.
ശ്രവണ സുന്ദര ഗീതിക കേൾക്കുവാൻ
പുണ്യമായെത്തും പുതിയൊരു സുപ്രഭാതമേ
വന്ദനം നിനക്കിന്നീ ഉഷസ്സിലും
നേരുവാനായി കൈതൊഴുതീടുന്നേൻ .