Hot Posts

6/recent/ticker-posts

എന്റെ ഓർമ്മയിലെ ഓണം

നീലാംബരീയം
എൻ്റെ ഓർമ്മയിലെ ഓണം

ആർപ്പുവിളികളും ആരവങ്ങളും , പൂവിളികളും പുലിക്കളികളുമായി മലയാളനാട് ഓണമാഘോഷിക്കുമ്പോൾ സൗഹൃദങ്ങൾ പങ്കുവെക്കുന്ന ഓണ സ്മരണകളുടെ സൗന്ദര്യം നീലാംബരീയാങ്കണത്തെയും വർണ്ണാഭമാക്കുന്നു.

എനിക്കും ഓർക്കാനേറെയുണ്ട്. വ്യാസവിരചിതമായ ശ്രീമത് ഭാഗവതത്തിൽ മഹാവിഷ്ണുവിൻ്റെ വാമനാവതാരത്തെ വർണ്ണിക്കുന്ന എട്ടാം സ്കന്ദത്തിലെ 15ാം അദ്ധ്യായം മുതലുള്ള നാനൂറോളം ശ്ലോകങ്ങളിൽ നിറഞ്ഞു നില്ക്കുന്ന വിശ്വജിത്തായ മഹാബലിയെന്ന മഹാനായ അസുര ചക്രവർത്തിയെ ഞാനോർക്കുന്നു.
മനുഷ്യരാശി പാരസ്പര്യത്തിൻ്റെ സ്നേഹോഷ്മളത പങ്കുവെയ്ക്കാൻ ആഘോഷങ്ങൾ കണ്ടെത്തിയതും യുഗങ്ങളേറെ കടന്നു പോയപ്പോൾ ഉച്ചനീചത്വത്തിനെതിരായി കേരള ജനത ഉണർന്നപ്പോൾ ,ചട്ടമ്പിസ്വാമിയെയും ശ്രീ നാരായണ ഗുരുദേവനെയും
അയ്യങ്കാളിയെയും കുമാരനാശാനെയും
സഹോദരനയ്യപ്പനെയും പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ ജാതി സമത്വത്തിനായി യത്നിക്കുന്നതിനിടയിൽ മലയാളി മനസ്സുകൾക്ക് സങ്കല്പിച്ചു സമ്മാനിച്ച കള്ളവും ചതിയുമില്ലാത്ത മാവേലിനാടിനെയും മാവേലി മന്നനെയും ഞാനോർക്കുന്നു.വായിച്ചും കേട്ടും അറിഞ്ഞ ആ കഥകളെല്ലാം മനസ്സിൽ വേരൂന്നി നില്കുന്നു.

എല്ലാവരെയും പോലെ എനിക്കും ബാല്യം എന്നും ഓണനിലാവാണ്.
അച്ഛനും,അമ്മയും, മുത്തശ്ശിയും മുത്തച്ഛനും സഹോദരങ്ങളും കൂട്ടുകാരുമൊത്തൊരുക്കിയ പൂക്കളങ്ങളും ഓണ സദ്യയും ഇന്നും നിറവും മണവും നഷ്ടപ്പെടാതെ മനസ്സിൽ നിറഞ്ഞു നില്ക്കുന്ന ഓണവികാരമാണ്.
പൊന്നിൻ ചിങ്ങം കതിരിൻ്റെ കസവു പുടവയണിഞ്ഞെത്തുമ്പോൾ പാടമുണർത്തുന്ന പണിക്കാർക്കായി ഉത്രാടപുത്തരിയും ഓണസദ്യയുമൊരുക്കി കാത്തിരിക്കുന്ന അച്ഛനും അമ്മയും എൻ്റെ മനസ്സിലെ തിരുവോണ നക്ഷത്രങ്ങളാണ്.

ജീവിതം കൂടുതൽ നിറം പിടിപ്പിച്ച പ്രിയതമനോടും മക്കളോടുമൊത്താസ്വദിച്ച ഓണക്കാലങ്ങളും നെഞ്ചോടു ചേർത്ത് ചാർത്തിയ ഓണക്കോടികളുമെല്ലാം എന്നും ഓമനിക്കാനുള്ള ഓർമ്മകൾ തന്നെ.
ബാംഗ്ലൂരിൽ ഏറെക്കാലം അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന വിദ്യാലയത്തിലെ സഹപ്രവർത്തകർക്കായി ഓണ സദ്യ ഒരുക്കിയതും ഞാനുണ്ടാക്കിയ പാലട പായസം ആസ്വദിച്ച് അവരിൽ പലരും പല തവണ പായസം കുടിച്ചതും ഒടുവിൽ അതു തികയാതെ വന്നതും മറക്കാനാവാത്ത മധുരമുള്ള ഓണ സ്മരണയാണ്.

ഇന്ന് , ആട്ടവും പാട്ടും കാറ്ററിങ്ങുമായി മൊബൈൽ ഓണാഘോഷം പൊടിപൊടിക്കുമ്പോളും മനസ്സിൽ പച്ചപ്പായി നില്ക്കുന്നത് പ്രിയപ്പെട്ടവരോടൊത്താഘോഷിച്ച ഓണദിനങ്ങളാണ്. ആ ഓർമ്മകൾക്ക് തുമ്പയുടെ വെണ്മയുണ്ട് , തുളസിയുടെ നൈർമ്മല്യമുണ്ട് , തെച്ചിയുടെ തുടിപ്പുണ്ട്, താമര ചന്തമുണ്ട്. ഓരോ ഓണം കടന്നുവരുമ്പോളും മനതാരിൽ ഒരുക്കി വെക്കാനുള്ള വാടാത്ത നറുപുഷ്പങ്ങളാണ് ആ സ്മരണകൾ .

പ്രിയ സൗഹൃദങ്ങൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ.

വിജി പ്രസാദ്