Hot Posts

6/recent/ticker-posts

മാതാഹരി

നീലാംബരീയം
മഹാനായ ആംഗലേയ കാല്പനിക കവി ജോൺ കീറ്റ്സ് പാടി...A thing of beauty is a joy forever...അതേ എന്നെന്നും ആമോദദായകമാണ് സൗന്ദര്യമുള്ള വസ്തു... നയനാനന്ദകരം മാത്രമല്ല നിർവൃതിദായകവുമാണ് സുന്ദരവസ്തുക്കളും സൗന്ദര്യകാഴ്ചകളും...അത് ജ്വലിക്കുന്ന, ഭ്രമിപ്പിക്കുന്ന വശ്യസൗന്ദര്യമുള്ള ഒരു മാദകസുന്ദരി ആയാലോ. ഏത് കൊലക്കൊമ്പനും ഒന്ന് ഉലഞ്ഞുപോകും വശ്യമനോഹാരിതയ്ക്ക് മുൻപിൽ.  മുൻപിൻ നോക്കാത്ത വീരന്മാർ അടിയറവ് പറഞ്ഞുപോകും ആ സൗന്ദര്യധാമത്തിന് മുൻപിൽ... എത്രയോ ഉന്നതഉദ്യോഗസ്ഥർ, രാഷ്ട്രഭരണസാരഥികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ ഒക്കെ തുള്ളിതുളുമ്പുന്ന മേനിയഴകിൽ ആകൃഷ്ടരായി ലൈംഗികവഞ്ചനയിൽ പെട്ടുപോയ ചരിത്രം നാം കേട്ടിരിക്കുന്നു.

എന്തിനേറെ ഈ കൊച്ചുകേരളത്തിലും എത്ര കഥകൾ നാം കേട്ടിരിക്കുന്നു...കേട്ടുകൊണ്ടിരിക്കുന്നു....രാജ്യത്തിന്റെ പരമ രഹസ്യങ്ങളും പ്രതിരോധ രഹസ്യങ്ങളും എല്ലാം ചോർത്തിയെടുക്കുന്ന മാദകറാണിമാർ അനാദികാലം മുതൽ തന്നെ ഉണ്ട്. അങ്ങനെയുള്ള ഒരു ഡച്ച് സുന്ദരിയാണ് മാർഗരീറ്റാ ടെർടൂഡിയാ സെല്ലാ. ഈ സ്വന്തം നാമത്തിലല്ല "മാതാഹരി " എന്ന പേരിലാണ് അവർ പ്രസിദ്ധയായതും ഇന്നും അനുസ്മരിക്കപ്പെടുന്നതും. മാതാഹരി എന്ന് കേൾക്കുമ്പോൾ ആ പേരിൽ ഒരു ഭാരതീയ സ്പർശം നമുക്ക് അനുഭപ്പെടുന്നില്ലേ പ്രിയരേ.....

താൻ ജനിച്ചത് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിൽ ആണെന്നും ആ ക്ഷേത്രത്തിലെ പുരോഹിതനാണ് തനിക്ക് മാതാഹരി എന്ന പേര് നൽകിയത് എന്നുമാണ് മാർഗരീറ്റ അവകാശം വാദം ഉന്നയിക്കുന്നത്.. മലബാർ തീരത്തെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചവൾ എന്നുപോലും അവൾ സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ക്ഷേത്രങ്ങളിലെ പുരോഹിതർ ആണ് തനിക്ക് പുരാണവും നൃത്തവും അഭ്യസിപ്പിച്ചു തന്നത് എന്നും അവൾ അവകാശപ്പെട്ടിരുന്നു....

സൗന്ദര്യവും വശ്യതയും കൊണ്ട് ലോകത്തെ ത്രസിപ്പിച്ച മാതാ ഹരിക്ക്‌ ഏഴ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. അദമ്യമായ സൗന്ദര്യവും മാദകത്വവും അവളെ കൊണ്ടെത്തിച്ചത് ചാരപ്രവർത്തനങ്ങളുടെ ഇടനാഴികളിലാണ്... സൗന്ദര്യത്തിന്റേയും മാദകത്വത്തിന്റെയും പര്യായമായ ചാരവനിത...ഒരു നൂറ്റാണ്ടിനപ്പുറം ഒന്നാം ലോകമഹായുദ്ധ കാലത്ത് പിടിക്കപ്പെട്ട് വധശിക്ഷ നൽകിയ തണുത്ത വെളുപ്പാൻ കാലത്ത് മനോഹരമായി പുഞ്ചിരിച്ചു് ഫയറിംഗ് സ്‌ക്വാഡിന് ചുടുചുംബനങ്ങൾ പറത്തിവിട്ട മനോമോഹിനിയായ മാതാഹരിയുടെ ജീവിത പന്ഥാവിലൂടെ ഒരു പ്രയാണം....

പത്തൊൻപതാം വയസ്സിൽ സിഫിലിസ് രോഗബാധിതനായ സൈനിക ഉദ്യോഗസ്ഥനുമായി സ്വയം തീരുമാനിച്ച വിവാഹത്തിൽ മൂന്ന് കുട്ടികളുടെ ജനനശേഷം പ്രതിസന്ധികൾ ഉണ്ടായപ്പോൾ വിവാഹമോചനം നേടി. ഈ ഘട്ടം തരണം ചെയ്യാനായി അവൾ ജാവനീസ് നൃത്തം കണ്ട് പഠിച്ചു. 1903 ൽ ഫ്രാൻസിലെത്തി നൃത്തപരിപാടികൾ അവതരിപ്പിച്ച കാലത്താണ് മാതാഹരി എന്ന പേര് സ്വീകരിച്ചത്. സമ്പന്നരുടെ സംഗമ സ്ഥലമായ ഒരു മ്യൂസിയത്തിലെ പ്രോഗ്രാമോടെ അർദ്ധനഗ്നയായ ജാവനീസ് നർത്തകിയുടെ മേനിതുടുപ്പിൽ യൂറോപ്പ് ആകൃഷ്ടരായി. ജർമനിയിലെ രാജകുമാരനും ഫ്രഞ്ച് നയതന്ത്രജ്ഞനും മറ്റ് പല രാജ്യങ്ങളിലെ നിരവധി സൈനികരും അവളുടെ കാമുകവലയത്തിലായി. പിന്നീടവൾ പാശ്ചാത്യ നൃത്തം പഠിച്ച് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് സമ്പന്നരായ കാമുകന്മാരോടൊപ്പം ഒഴുകി നടന്ന് കോടികൾ സമ്പാദിച്ചെങ്കിലും ധൂർത്തടിച്ചു..

കാമുകന്മാരെ കാണാനുള്ള യാത്രയിൽ ഒന്നാം ലോകമഹായുദ്ധ കാലത്ത് അതിർത്തികളിൽ അവൾ പോലീസ് നിരീക്ഷണത്തിലായി. 1916 ൽ ജർമനിയിൽ നിന്നും പാരീസിലേക്കുള്ള യാത്രയിൽ ജർമ്മനിക്ക് വേണ്ടി ചാരപ്രവർത്തനം നടത്തുന്നു എന്ന സംശയത്തിൽ വ്യക്തമായ മേൽവിലാസം ഇല്ലാത്ത മാതാഹരി ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലായി. ജർമ്മനിക്ക് വേണ്ടിയുള്ള ചാരപ്രവർത്തനത്തിൽ 50,000 ത്തോളം ഫ്രഞ്ച് പട്ടാളക്കാർ കൊല്ലപ്പെട്ടു എന്നതാണ് പ്രധാന കുറ്റം.

വിചാരണയിൽ താൻ ചാരപ്രവർത്തനം നടത്തിയതായി അവൾ സമ്മതിച്ചു. തെളിവുകളുടെ അഭാവത്തിലും അവൾക്ക് വധശിക്ഷ വിധിക്കപ്പെട്ടു. തന്റെ കണ്ണുകൾ വധസമയത്തു മൂടരുതെന്ന് അവൾ ആവശ്യപ്പെട്ടു. 1917 ഒക്ടോബർ 15 വെളുപ്പിന് 41 കാരിയായ ആ ലോകസുന്ദരി തോക്കിൻകുഴലിന് ഇരയാക്കപ്പെട്ടു. തല ഉയർത്തിപ്പിടിച്ചു മനോഹരമായി പുഞ്ചിരിച്ച് ഫയറിംഗ് സ്‌ക്വാഡിന് ചുംബനങ്ങൾ പറത്തിയാണ് മാതാഹരി യാത്ര ആയത്. എച്ച് 21 എന്ന ജർമ്മൻ ചാരൻ അവൾ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. നുണകൾ പറയുന്നത് ഒരു കാമന ആയിരുന്ന മാതാഹരി യഥാർത്ഥത്തിൽ ഒരു ചാരനായിരുന്നുവോ അതോ വെറും സംശയത്തിന്റെ നിഴലോ എന്ന് പലരും ഒരു നൂറ്റാണ്ടായി ശങ്കിക്കുന്നുണ്ട്.

മാതാഹരിപ്പറ്റി സിനിമകളും കഥകളും ഉണ്ട്. മലയാളത്തിൽ വൈലോപ്പിള്ളി നർത്തകി എന്ന പേരിൽ കവിത എഴുതിയിട്ടുണ്ട്.. ചാരപ്രവർത്തനങ്ങളുടെ പിന്നാമ്പുറങ്ങളിലെ അതീവസുന്ദരികളായ വിദേശ സ്ത്രീകൾ വെറും സംശയത്തിന്റെ പേരിൽ കെട്ടിച്ചമച്ചുണ്ടാക്കിയ കേസിൽ കേരളീയനായ ശാസ്ത്രജ്ഞനൊപ്പം ജയിൽ വാസം അനുഷ്ഠിച്ചതും നഷ്ടപരിഹാരമായി കോടികൾ കേരള സർക്കാർ ശാസ്ത്രജ്ഞന് നൽകിയതും എല്ലാവരുടെയും ഓർമ്മയിൽ ഉണ്ടല്ലോ... ഈ നനുത്ത, തണുത്ത വെളുപ്പാൻ കാലത്ത് മാതാഹരിയെ അനുസ്മരിച്ചു കൊണ്ട് മുഖക്കുറി പൂർണമാകുന്നു....

രേണുക സുരേഷ് 

പ്രേംനസീറിനെ നായകനാക്കി ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്തതും ഷീലയെ നായികയാക്കി ഏറ്റവും കൂടുതൽ സിനിമ ചെയ്തതും അദ്ദേഹമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍