ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഭാഗമാണ് 1970-80 കാലഘട്ടത്തിൽ പ്രേക്ഷകമനസ്സിലിടം നേടിയ ബോളിവുഡ് നടി സ്മിത പട്ടീൽ...ആരെയും ആകർഷിക്കുന്ന മുഖശ്രീയും, തീക്ഷ്ണമായ സൗന്ദര്യത്തിനൊപ്പം ശ്രദ്ധേയമായ അഭിനയ സിദ്ധിയും വേഷങ്ങൾക്കനുസരിച്ചുള്ള വ്യത്യസ്തഭാവങ്ങളുമായി വെള്ളിത്തിരയിൽ ഇടം നേടിയ ഈ നടിക്ക് എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും...
അതുവരെ നാം സ്ഥിരം കണ്ടുമടുത്ത നായികാസങ്കൽപങ്ങൾ മാറ്റിമറിച്ച് ഒരു പുതിയ വസന്തകാലത്തിന്റെ തുടക്കവുമായെത്തി സൂര്യേതേജസ്സോടെ സ്മിത പാട്ടിൽ. ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വളരെ സെലക്റ്റീവ് ആയിരുന്ന അവർക്ക്, താൻ അഭിനയിക്കുന്ന ചിത്രങ്ങൾ കലാപരമായി മൂല്യമുള്ളതായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു.
പഠനകാലത്തു തന്നെ നായികാ പ്രാധാന്യമുള്ള വേഷങ്ങൾ സ്മിതയെ തേടിയെത്തിയെങ്കിലും പഠനത്തിന് തടസ്സമാകാതെയിരിക്കുവാൻ ആ ക്ഷണങ്ങൾ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പിന്നീട് ഫിലിം ആന്ഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും പഠനം പൂർത്തിയാക്കിയ സ്മിതയുടെ കരിയർ ആരംഭിച്ചത് ദൂരദർശനിൽ വാർത്താഅവതാരക ആയിട്ടായിരുന്നു.
പിന്നീട് 1974 ൽ 'മേരേ സാത് ചല്' എന്ന സിനിമയിലൂടെ ഈ നടി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചു. പലഭാഷകളിലായി എഴുപത്തിയഞ്ചിലധികം സിനിമകളിൽ തന്റെ അഭിനയമികവ് കാഴ്ച്ചവെച്ച സ്മിതയുടെ അഭിനയ വൈഭവം 'ചിദംബരം' എന്ന മലയാള സിനിമയിലൂടെ നമ്മളും തിരിച്ചറിഞ്ഞു.
'ഭൂമിക' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരുന്നു. അതിന് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയും ചെയ്തു. ചക്ര, അർഥ്, മിർച്ച് മസാല, നമാക് ഹലാല്, ശക്തി, മന്തന് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഇന്ത്യൻ സിനിമാ ചരിത്രവഴികളിൽ അവർക്ക് ശ്രദ്ധേയമായ സ്ഥാനം നേടി കൊടുത്തു. മികച്ച നടിക്കുള്ള ദേശീയ അവാർഡും രണ്ടു തവണയും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡുകളും നേടിയ സ്മിതയ്ക്ക് , 1985 ൽ പത്മശ്രീ ലഭിച്ചു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രവർത്തകനായ ശിവാജിറാവു പാട്ടീലിന്റെ മകളായി 1955 ഒക്ടോബര് 17ന് പൂനെയിൽ ജനിച്ചു വളർന്ന സ്മിത പിതാവിനെപ്പോലെ തന്നെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
നടൻ രാജ് ബബ്ബറുമായി ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലൂടെയുള്ള അടുപ്പം പിന്നീട് പ്രണയത്തിനു വഴിമാറി. അന്ന് അത് ഫിലിംഇൻസ്റ്റിറ്റ്യൂട്ടിലെ സംസാരവിഷയമായി മാത്രമൊതുങ്ങിയില്ല. ഇവരുമായുള്ള പ്രണയം രാജ് ബബ്ബറിന്റെ ആദ്യ ഭാര്യയുമായി പിരിയുവാനും കാരണമായി. ഒടുവിൽ വിവാഹത്തിലെത്തിയ ഇവർക്ക് നിർഭാഗ്യവശാൽ അധികനാൾ ഒരുമിച്ച് ജീവിക്കുവാനായില്ല. പ്രസവാനന്തരമുള്ള ശാരീരിക പ്രശ്‌നങ്ങൾ കാരണം 1986, ഡിസംബര് 13ന് മുപ്പത്തിയൊന്നാം വയസിൽ നടി ഈ ലോകത്തോടു വിട പറഞ്ഞു.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മികച്ച അഭിനയമുഹൂർത്തങ്ങളിലൂടെ ഇന്നും സ്മിത പട്ടീൽ പ്രേക്ഷകരുടെ ഓർമ്മകളിൽ ജീവിക്കുന്നു. നടിക്ക് മുഖക്കുറിയുടെ പ്രണാമം...