Hot Posts

6/recent/ticker-posts

ഉണ്ണിമേനോൻ

നീലാംബരീയം
ഗായകനായും സംഗീത സംവിധായകനായും അഭിനേതാവ് എന്ന നിലയിലും പേരെടുത്ത ശ്രീ ഉണ്ണി മേനോൻ ആണ് ഇന്നത്തെ മുഖക്കുറിയിൽ . ഗുരുവായൂർ നമ്പലാട്ട് തറവാട്ടിൽ വി കെ എസ് മേനോൻ്റെയും മാലതിയുടേയും മകനായി 1955 ൽ നമ്പലാട്ട് നാരായൺകുട്ടി ജനിച്ചു. അദ്ദേഹം ഉണ്ണി മേനോൻ എന്ന പേരിലാണ് സംഗീത ജീവിതത്തിൽ അറിയപ്പെടുന്നത്.

ചെന്നൈയിൽ ഹെവി വെഹിക്കിൾ ഫാക്ടറിയിൽ ജോലി ആയിരിക്കെ അടുത്തുള്ള റെക്കോഡിഗ് സ്റ്റുഡിയോ സന്ദർശിക്കുന്നത് ഒരു പതിവായിരുന്നു. സംഗീതത്തോടുള്ള താത്പര്യവും ആ സന്ദർശനത്തിലൂടെ ലഭിച്ചസംഗീത ലോകത്ത പ്രതിഭകളോടുള്ള അടുപ്പും യേശുദാസടക്കമുള്ള പ്രഗത്ഭർക്ക് ട്രാക്ക് പാടാൻ ഉള്ള അവസരം ഒരുക്കി.

മുന്നേറ്റം എന്ന സിനിമയിലെ വളകിലുക്കം.. എന്ന ഗാനത്തിന് ട്രാക്ക് പാടിയെങ്കിലും അദ്ദേഹത്തിൻ്റെ ശബ്ദസൗന്ദര്യം തിരിച്ചറിഞ്ഞ ശ്രീകുമാരൻ തമ്പിയാണ് ആ ഗാനം അദ്ദേഹത്തെക്കൊണ്ട് പാടിച്ചത്. അങ്ങനെ ആദ്യമായി ടൈറ്റിലിൽ അദ്ദേഹത്തിന്റെ പേര് വന്നു. പിന്നെയും യേശുദാസിനു വേണ്ടി നിരവധി സിനിമകൾക്ക് ട്രാക്ക് പാടിയിട്ടുണ്ട്.

1992ൽ റോജയിലെ എക്കാലത്തെയും ഹിറ്റ്‌ പാട്ടായ എ ആർ റഹ്മാൻ സംഗീതത്തിൽ പാടിയ 'പുതുവെള്ളെ മഴ' എന്ന ഗാനം ഗായകൻ എന്ന രീതിയിൽ പ്രശസ്തിയിലേക്ക് കൊണ്ട് വന്നു. തമിഴിൽ നിരവധി പാട്ടുകൾ പാടുംകയും മിൻസാരക്കനവ് എന്ന ചിത്രത്തിലെ പാട്ടിന് തമിഴ്നാട് സർക്കാരിൻ്റെ പുരസ്ക്കാരം ലഭിക്കുകയും ചെയ്തു. മലയാളം തമിഴ് തെലുങ്ക് കന്നട ഭാഷകളിലായി നിരവധിഗാനങ്ങൾ അദ്ദേഹത്തിൻ്റേതായുണ്ട്.

ഈ നാട് എന്ന സിനിമയിലെ മാനത്തെ ഹൂറി പോലെ 'മുന്നേറ്റത്തിലെ വളകിലുക്കം ഒരു വളകിലുക്കം.. അക്ഷരങ്ങളിലെ തൊഴുതു മടങ്ങും സന്ധ്യയുമേതോ.. എന്ന ഗാനങ്ങൾ അദ്ദേഹത്തിൻ്റേതാണ്.എന്നാൽ 2003 ൽ സ്ഥിതി എന്ന ചിത്രത്തിലെ ഒരു ചെമ്പനീർപ്പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്കു നീട്ടിയില്ല... എങ്കിലും എങ്ങനെ നീയറിഞ്ഞു എൻ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ് സുഗന്ധം പരത്തുന്നതായ് നിനക്കായ്.... എന്ന മനോഹരമായ ഗാനത്തിന് സംഗീതം നൽകി ആലപിക്കുകയും അഭിനയിക്കുകയും ചെയ്തപ്പോൾ ഉണ്ണി മേനോൻ എന്ന പേര് മലയാളത്തിൽ പിന്നെയും ചർച്ച ചെയ്യപ്പെട്ടിരുന്നു.

വളരെ മികച്ചൊരു ഗായകനും സംഗീത സംവിധായകനുമാണെങ്കിലും അദ്ദേഹത്തിന് വേണ്ടത്ര പരിഗണയോ അവസരങ്ങളോ ലഭിക്കുന്നില്ല എന്ന് തന്നെ പറയാം. ഇന്ന് അദ്ദേഹത്തിന് ജന്മദിനം ... മുഖക്കുറി അദ്ദേഹത്തിന് എല്ലാ നന്മകളും ആശംസിക്കുന്നു. ഇനിയും ഒരുപാട് അവസരങ്ങളിലൂടെ പ്രിയ ഗായകനെ കാണാൻ കഴിയട്ടെ....

രമ്യ ശിവൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍