Hot Posts

6/recent/ticker-posts

എന്റെ ഓർമ്മയിലെ ഓണം..

 

നീലാംബരീയം

എന്റെ ഓർമ്മയിലെ ഓണം.


പ്രിയരേ,
എല്ലാവർക്കും നൻമ നിറഞ്ഞ സന്തോഷപ്രദമായ ഓണാശംസകൾ. !!!
"കാലമിനിയുമുരുളും. "..
.. അതെ കാലം എത്ര
കടന്നുപോയെങ്കിലും എൻ്റെ
ഓണം ബാല്യ കൗമാരങ്ങളിൽ നിറക്കൂട്ടാർന്ന ഓരാഘോഷം തന്നെ ആയിരുന്നു...

ചെറിയൊരു കൂട്ടുകുടുംബം...
ഞങ്ങൾ 2 പെൺകുട്ടികൾ ... ചിങ്ങം പിറന്നാൽ ഓണമല്ലേ എന്നു പറഞ്ഞു ഇവിടങ്ങളിൽ എല്ലാവരും വീടും പരിസരവും അടിച്ചു തളിച്ചു വൃത്തിയാക്കൽ പരിപാടി തുടങ്ങുകയായി..
കാർഷിക സംസ്കാരത്തിൻ്റെ സൗന്ദര്യം വഴിഞ്ഞൊഴുകിയ നന്മയുടെ, നേരിൻ്റെ കാലമായിരുന്നു എൻ്റെ ബാല്യം..വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വന്നാൽ കിട്ടുന്നതു കൊണ്ട് വിശപ്പു മാറ്റി ഉടൻ പൂക്കൂടയുമെടുത്തു കൂട്ടുകാരോടു കൂടി പൂവിറുക്കാൻ പാടത്തും പറമ്പിലും ആടി പാടി നടന്ന നല്ലോർമ്മകൾക്കെപ്പൊഴും നിറപ്പകിട്ട് ..
നെല്ല് വിളഞ്ഞു നിൽക്കുന്ന പാടത്ത് കള്ളനെപ്പോലെ പമ്മി പമ്മി ഇറങ്ങി വാലുപോലെ നീണ്ടിരിക്കുന്ന ഒരു തരം ധാന്യം ( പുല്ലരി) പറിച്ചെടുക്കാൻ ഭയമെങ്കിലും ധൈര്യപൂർവ്വം ഇറങ്ങി പെട്ടുന്നു ശേഖരിക്കും. വരമ്പത്ത് കാക്കപ്പൂവും ...തൊടിയിലുള്ള തുമ്പ തുടങ്ങി എല്ലാം ശേഖരിച്ചു കൂട്ടുകാരോടൊത്ത് ഒരോട്ടമാണ്..

കാലത്തും നേരം പരപരാ വെളുത്തോ എന്നു നോക്കി ഇറങ്ങി പൂവുകൾ ശേഖരിക്കും. കിട്ടുന്നതെല്ലാം കൊണ്ട് മുറ്റത്ത് പൂക്കളം ഇടും. ഒന്നാം ദിവസം ഒരു വരി..ദിവസം കൂടുന്നതിനനുസരിച്ചു വരികളും പൂക്കളും കൂടും. ചില നിയന്ത്രണങ്ങളും വിലക്കുകളും എല്ലാറ്റിനും ഞങ്ങളുടെ നേരെ അച്ഛൻ്റെ നിയമ സംഹിതയിൽ ഉണ്ടായിരുന്നു..കൃഷി ഉള്ളതിനാൽ ഓണത്തിന് പുന്നെല്ല് പുഴുങ്ങി കുത്തി പുത്തരിയുണ്ണൽ മിക്കവാറും ഉത്രാട ദിവസം... പിറ്റേന്നും ആ അരി തന്നെ ചോറുണ്ടാക്കും...
ഭക്ഷണം ഇഷ്ടാനുസരണം ഉണ്ടെങ്കിലും ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കുമെല്ലാം വളരെ പിശുക്കിയായിരുന്നു അച്ഛൻ പലതും ചെയ്തിരുന്നതെങ്കിലും ഞങ്ങൾക്ക് രണ്ടു പേർക്കും എന്നും ഓണക്കോടി വാങ്ങി തരാറുണ്ട്.. ആ ശീട്ടി തുണിയുടെ പുതുമണം ഇപ്പോഴും ഓർക്കുന്നു.
അമ്മയും അച്ഛൻ പെങ്ങളും അടുക്കളയിൽ തകൃതിയായി ഒരുക്കങ്ങൾ കൂട്ടും. സഹായത്തിനു അടുത്തുള്ള മാധവി അന്നു ഓണമല്ലേ എന്നു പറഞ്ഞു കാലത്ത് വന്നു പെട്ടന്നു പോകും.. എങ്കിലും അവർക്കുള്ളതും കരുതി വെക്കും... വൈകുന്നേരം അവൾ എല്ലാം കൊണ്ടുപോകുന്നതും കണ്ടിട്ടുണ്ട്. എങ്കിലും അമ്മയുടെ കഷ്ടപ്പാട് ഇപ്പോഴാണു പലപ്പോഴും ഓർക്കാറ് ... അന്നൊന്നും മനസ്സിലാക്കിയിരുന്നില്ല.. അച്ഛൻ, അമ്മാവൻ ഇവരുടെ ഒക്കെ മുന്നിൽ പഞ്ചപുഛമടക്കി ഓഛാനിച്ചു വായ്ക്കയ്പൊത്തി കട്ടിളപ്പടിയിൽ നിൽക്കുന്ന അമ്മ ചിത്രം ........ "എട്ടാ"...എന്ന് അമ്മാവനെ വിളിക്കുന്നതും മറക്കാൻ പറ്റില്ല...അച്ഛനുമായുള്ള സംസാരം കണ്ടിട്ടേ ഇല്ല എന്നു പറയാം... വഴിതെറ്റിപ്പോയോ?ഇതൊക്കെയാണ് എൻ്റെ മനസ്സിൻ്റെ കോണിൽ മായാതെ നിൽക്കുന്ന ചിത്രം...
കാലത്തെ കുളത്തിൽ കുളിച്ചു ഓണക്കോടിയും ധരിച്ചു വല്യമ്മയും ഞങ്ങളെല്ലാവരും ചേർന്നു പൂക്കളമൊരുക്കും... അത് കഴിഞ്ഞു പലഹാരം .മിക്കവാറും ഉരുളിയിൽ ചുട്ട അപ്പവും ഒപ്പം പുന്നെല്ലിൻ്റെ പായസവും. കാട്ടുകാരുടെ വീടുകളിൽ പൂക്കള സന്ദർശനത്തിനായി കയറി ഇറങ്ങും...
ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ ....ഉപ്പേരി, പപ്പടം പാലട, പരിപ്പ് പ്രഥമൻ, എല്ലാം വീട്ടിൽ ഉണ്ടാക്കിയതാണ്...പുൽപ്പായയിൽ ചമ്രം പടിഞ്ഞിരുന്നു എല്ലാവരും ചേർന്നു കഴിക്കുന്നു.. അതിനു ശേഷം വിശ്രമം...എന്തു വേണമെങ്കിലും ചെയ്യാം...തിരുവാതിരയോ കൊട്ടും കുരവയോ ആട്ടവും പാട്ടുമില്ലാത്ത സുഗന്ധ പൂരിതമായ ഓണം ഓർമ്മകൾ ഹിമകണം പോലെ മനസ്സിൽ കുളിരേകുന്ന ഓർമ്മകളായി അവശേഷിക്കുന്നു...

കോമളവല്ലി