"ഓർമ്മയ്ക്ക് പേരാണിതോണം..."
അങ്ങനെ ഒരോണം കൂടി
എത്തിയിരിക്കുന്നു...ഒരു ഓണത്തിൽ കൂടി കടന്ന് പോകുവാൻ കാലം അനുവദിച്ചിരിക്കുന്നു. കാലമേ നന്ദി.....
"മലരണിക്കാടുകൾ തിങ്ങിവിങ്ങി...
മരതക കാന്തിയിൽ മുങ്ങി മുങ്ങി..."
മനസ്സിന്റെ മലരണിക്കാടുകൾ തിങ്ങിവിങ്ങി ഓർമ്മകളുടെ മരതക കാന്തിയിൽ ഞാൻ...
ഓണക്കാലത്തെ മന്ദമാരുതനിൽ തുരുതുരെ പൂമഴയായി പെയ്തിറങ്ങുന്നു
എന്റെ ഓണം സ്‌മൃതികൾ. മഴയെല്ലാം പോയി, മാനം തെളിഞ്ഞപ്പോൾ, എന്റെ മനസ്സാം മാടത്തയും ഓണപ്പാട്ടിന്റെ ശീലുകൾ ഏറ്റുപാടി...
ഓണം ഏതൊരു മലയാളിയുടെയും ഹൃദയ വികാരമാണ്. ഗൃഹാതുരത നിറഞ്ഞ വർണപ്പൊലിമയുടെ , ഒരുമയുടെ, സംഗമത്തിന്റെ ആഘോഷം...
ഇത്രയേറെ ഗൃഹാതുരത്വം നിറഞ്ഞ മറ്റൊരു ആഘോഷം മലയാളിക്കില്ല.
ഓർമ്മകൾ നുരഞ്ഞു പൊന്തുന്ന മനസ്സുമായി ഞാനും ഗതകാല സ്മരണകളിലേക്ക്.....
വർണ്ണങ്ങളും മനോഹാരിതയും സ്വപ്നങ്ങളും തുടികൊട്ടി പാടുന്നു
ഓണം ഓർമ്മകളിൽ...
ബാല്യത്തിൽ കൂട്ടുകാരുമൊത്ത് ഓണം നാളുകളിൽ പൂതേടിയുള്ള അലച്ചിൽ...ചെത്തിപ്പൂവും കാക്കപ്പൂവും തുമ്പപ്പൂവും
മത്സരിച്ച് നുള്ളിയെടുത്ത് അത്തം മുതൽ പത്ത് ദിവസവും പൂക്കളമിടും... ആ ഓർമ്മയിൽ ഇന്നും ഞാൻ മൂളാറുണ്ട് " ഒരു നുള്ള് കാക്കപ്പൂ കടം തരാമോ.... " കൗമാരത്തിൽ ചില്ലി കൊമ്പിൽ തൊടാനായി മത്സരിച്ചുള്ള ഊഞ്ഞാലാട്ടം..
എത്രയോ തവണ വീണ് പരിക്ക് പറ്റി...!!
പ്രണയാതുരമായിരുന്ന യൗവനത്തിൽ ഓണക്കളിക്കിടെ കിട്ടുന്ന കള്ളനോട്ടത്തിന്റെ മാധുര്യം ഓർമ്മകളിൽ തുടിച്ച് നിൽക്കുന്നു...സർവീസിലെ ഓണാഘോഷം മനതാരിൽ ചേർന്നിരിക്കുന്നു ഇന്നും.. ഉപ്പേരി വറുത്ത് ഓഫീസിൽ എല്ലാവർക്കും ഞാൻ വിതരണം ചെയ്യുമായിരുന്നു..
എന്തെല്ലാം മത്സരങ്ങൾ.... മെഴുകുതിരി കത്തിച്ചോട്ടം, സൂചിയും നൂലും കൊരുത്തോട്ടം, പാട്ട് മത്സരം,കസേരകളി അങ്ങനെ പോകുന്നു..,സുന്ദരിക്ക് എവിടെയെല്ലാം കൊണ്ടിട്ട് പൊട്ട് കുത്തി , കുതിരയ്ക്ക് വാല് വരച്ചത് എവിടെയെല്ലാം....!!
പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിൽ നാലാം നിലയിലെ വരാന്തയിൽ റിക്രിയേഷൻ ക്ലബ് സെക്രട്ടറിയായ എന്റെ മേൽനോട്ടത്തിൽ മത്സരങ്ങൾ പൊടിപൊടിക്കും.... മറ്റ് ഓഫീസിലെ ജീവനക്കാർ കാണികളാകുമ്പോൾ ആവേശം കൂടും...നല്ല സുന്ദരികളായ തരുണീ മണികൾ ഞങ്ങളുടെ കൃഷി ഓഫീസിൽ ആയിരുന്നു കേട്ടോ.. അപ്പോൾ കാണികൾ കൂടുമല്ലോ....
ഇന്ന്, ഈ ഓണത്തിന് ഗതകാല ഓണസ്മരണകൾ നിറഞ്ഞ മനസ്സുമായി
ഇങ്ങനെ പ്രിയപ്പെട്ട നീലാംബരീയത്തിന്
ഒപ്പം ഓണം ആഘോഷിക്കുമ്പോൾ
ലഭിക്കുന്നത് അവാച്യമായ ഒരു അനുഭൂതി.....!!
ഹൃദയം നിറഞ്ഞ ആഹ്ലാദത്തോടെ എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹത്തിൽ പൊതിഞ്ഞ ഓണം ആശംസകൾ...
വിഭവ സമൃദ്ധമായ ഓണം ഉണ്ണുമ്പോൾ
ഒരു തരി ഓർമ്മ എനിക്കും കൂടി.....