ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനിയിൽ തടിച്ചുകൂടിയ ജനങ്ങളോട് പിരിഞ്ഞുപോകാൻ പട്ടാളക്കാർ ആജ്ഞാപിച്ചു. അപ്പോൾ ഒരു സ്ത്രീ വേദിയിലേക്ക് ഓടിയെത്തി. ഗാന്ധിജി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ട വിവരം അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. തുടർന്ന് ത്രിവർണപതാക ഉയർത്തി. പട്ടാളക്കാർ സ്തബ്ധരായി നിന്നു. അരുണ എന്ന പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയത് ആ നിമിഷം മുതലാണ്.
ബ്രിട്ടീഷുകാർക്കെതിരെ സധൈര്യം പോരാടിയ അരുണാ അസഫലിയേ കുറിച്ചാകട്ടെ ഇന്നത്തെ മുഖക്കുറി.
1909 ജൂലൈ 16 പഞ്ചാബിലെ കാൽക്കയിൽ ജനിച്ചു. ആദ്യകാല നാമം അരുണ ഗാംഗുലി എന്നായിരുന്നു. നൈനിറ്റാൾ, ലാഹോർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കൽക്കത്തയിൽ അധ്യാപിക ജോലിനോക്കി. 1928 ൽ അഭിഭാഷകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ആസഫലിയെ വിവാഹം കഴിച്ചു.
വിവാഹാനന്തരം കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകയായി. ഉപ്പുസത്യാഗ്രഹ സമയത്ത് പൊതുയോഗത്തിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. 1948 ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന അവർ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1956 ൽ പാർട്ടിവിട്ടു.
ബ്രിട്ടീഷുകാരെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെസിസ്റ്റന്റ് എന്ന സംഘടന രൂപീകരിച്ചു. ക്വിറ്റിന്ത്യാ സമരകാലത്ത് പ്രമുഖരായ കോൺഗ്രസ് നേതാക്കളെ എല്ലാം അറസ്റ്റ് ചെയ്തപ്പോൾ അരുണ അടക്കമുള്ള സോഷ്യലിസ്റ്റ് നേതാക്കളാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ ധീരമായി നയിച്ചത്.
1946 വരെ ഒളിവ് ജീവിതം നയിച്ച അവർ 1955 ൽ ഡൽഹിയിലെ ആദ്യത്തെ മേയറായി.
ലെനിൻ സ്‌മാരകപുരസ്‌കാരം, പത്മവിഭൂഷൺ ഭാരതരത്നം എന്നിവ ലഭിച്ചിട്ടുണ്ട്.
1996 ജൂലൈ 29 നിര്യാതയായി.ഓർമകൾക്ക് മുന്നിൽ ആദരവ്.
0 അഭിപ്രായങ്ങള്‍