ഓണം എന്ന് കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരുപിടി നല്ല ഓർമ്മകളാണ്. അവ കൂട്ടിക്കൊണ്ടുപോകുന്നതോ നിഷ്കളങ്കമായ ബാല്യത്തിലേക്കും. ഓണക്കാലം അവധിക്കാലം മാത്രമല്ല ആഘോഷങ്ങളുടെ കാലം കൂടിയായിരുന്നു. ആ ദശ ദിനങ്ങൾ മനസ്സിൽ നിറയ്ക്കുന്നത് മഴവില്ലിന്റെ നിറങ്ങളും മനം കുളിർപ്പിക്കുന്ന ഗന്ധവും നാവിൽ കൊതി നിറയ്ക്കുന്ന രുചികളുമാണ്.
അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കള മത്സരം ഞങ്ങൾ കൂട്ടുകാർക്കിടയിൽ നടത്തുമായിരുന്നു ഏറ്റവും ഭംഗിയായി പൂക്കളം നിർമ്മിക്കാനുള്ള മത്സരമായിരുന്നു അത് പൂപ്പറിക്കാൻ പോകുമ്പോൾ മുതൽ ആരംഭിക്കും. ഞങ്ങൾ കൂട്ടുകാർ ഒരുമിച്ചാണ് പൂപ്പറിക്കാൻ പോകുന്നതെങ്കിലും പൂക്കളുടെ അടുത്തെത്തുമ്പോൾ അതുവരെ ഉണ്ടായിരുന്ന കളിയും ചിരിയും വർത്തമാനവും അവസാനിക്കും. പിന്നെ ഓട്ടമാണ് കൂടുതൽ സ്വന്തമാക്കാൻ പൂക്കൾ സ്വന്തമാക്കി കഴിഞ്ഞാൽ വീണ്ടും പഴയ സൗഹൃദം ദൃഢമാകും.
ഇന്നത്തെ കുഞ്ഞുങ്ങൾക്ക് ഇല്ലാതെ പോയത് ഈ ആർത്തുല്ലസിച്ച് നടന്നിരുന്ന ബാല്യമാണ്. ഇന്നത്തെ ഓണം റെഡിമെയ്ഡ് ഓണമാണ് എല്ലാം മാർക്കറ്റിൽ വാങ്ങിക്കാൻ കഴിയുന്ന കാലം. ഏത് സമ്പന്നനും ദരിദ്രനും ഒത്തൊരുമിച്ച് പൂക്കളിറുക്കാൻ പോയ ബാല്യം അത് അന്യമായി പോയി. ഓണം എപ്പോഴും പുറകോട്ടുള്ള ചിന്തകളെയാണ് നമ്മുടെ മനസ്സിലേക്ക് എത്തിക്കുന്നത്. ബാല്യത്തിന്റെ നിഷ്കളങ്കതയിൽ ആനന്ദമല്ലാതെ ഒന്നും ഓണം ഓർമ്മകളിൽ നിറയാറില്ല....
എന്റെ നീലാംബരീയം സൗഹൃദങ്ങൾക്കെല്ലാം ഓണ ആശംസകൾ നേരുന്നു