Hot Posts

6/recent/ticker-posts

ഇന്ത്യയുടെ വാനമ്പാടി.

നീലാംബരീയം
സംഗീതസംവിധാന രംഗത്ത് അതിപ്രശസ്തരും, അല്ലാത്തവരുമായി എത്രയെത്ര പേരുകൾ ......ഇവർക്കിടയിൽ എവിടെയെങ്കിലും "ആനന്ദ്ഘൻ" എന്ന പേര് കേട്ടിട്ടുണ്ടോ .....1960കളിൽ "മോഹിത്യാഞ്ചി മഞ്ജുള" "മറാത്ത തിടുക മേൽവവ" "സാധി മാനസ" "തമ്പാടി മാടി" തുടങ്ങിയ മറാഠി ചിത്രങ്ങൾക്ക് സംഗീതം നൽകിയ ഇവരെ അധികമാർക്കുംതന്നെ അറിയാൻ സാദ്ധ്യതയില്ല.

ആനന്ദ്ഘൻ എന്ന പേര് പരിചിതമല്ലെങ്കിലും
ക്വീൻ ഓഫ് മെലഡി, വോയ്സ് ഓഫ് ദ നേഷൻ, വോയ്സ് ഓഫ് ദ മില്ലേനിയം
എന്നീ പേരുകളാൽ അലങ്കരിക്കപ്പെട്ട ഇന്ത്യയുടെ വാനമ്പാടിയെ അറിയാത്തവരായി ആരുംതന്നെ ഉണ്ടാവില്ല.....പ്രണയം സ്വപ്നം സന്തോഷം സന്താപം ... എല്ലാറ്റിലും ഇന്ത്യൻ മനസ്സുകളുടെ പിന്നണിയിൽ മുഴങ്ങിയിരുന്ന മധുര സ്വരം. എല്ലാ അനുഭൂതിയും വികാരങ്ങളും ഇഴചേർത്ത ആ സ്വരസ്ഥാനങ്ങളുടെ ഉടമയെ - ലതാ മങ്കേഷ്കറെ - ഇന്ത്യയുടെ വാനമ്പാടി എന്നു വിളിച്ചു. ആരാധനയോടെയും, ബഹുമാനത്തോടെയും അതീവ സ്നേഹത്തോടെയും ഇന്ത്യൻ സിനിമാലോകം ലതാജി എന്നും വിളിച്ചു.
മുപ്പത്തിയാറു ഭാഷകളിലായി നാൽപതിനായിരത്തിലേറെ ഗാനങ്ങൾ .......
മൂന്ന് ദേശീയ പുരസ്കാരങ്ങൾ .....ഭാരതരത്നയടക്കം രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതികൾ .......ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം .....
മറ്റ് ഒട്ടനവധി പുരസ്കാരങ്ങൾ ......അംഗീകാരങ്ങൾ എഴുതിച്ചേർത്ത് വിജയ താളത്തിൽ ദൈവം ശ്രുതി ചേർത്തുവെച്ച ജീവിതം നവതിയിലെത്തിയപ്പോഴും ആ സപ്തസ്വരത്തിൽ നിന്ന് മധുരപ്പതിനേഴിന്റെ മാധുര്യം വിട്ടുപോയിരുന്നില്ല.
1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാമങ്കേഷ്കറുടെ ജനനം. സംഗീതജ്ഞനും, പ്രശസ്ത മറാഠാ നാടകക്കാരനുമായിരുന്ന ദീനാനാഥ് മങ്കേഷ്കറുടേയും, ശിവന്തിയുടേയും അഞ്ചു മക്കളിൽ മൂത്തവൾ. ഗോവയിലെ മങ്കേഷിയിൽനിന്ന് ഇൻഡോറിലേയ്ക്ക് കുടിയേറിയ മഹാരാഷ്ട്ര കുടുംബമായിരുന്നു അവരുടേത്. ഹരിദ്കർ എന്ന കുടുംബപേരു് ജന്മനാടിന്റെ ഓർമ്മയ്ക്കായി മങ്കേഷ്കർ എന്നും, മൂത്ത മകൾ ഹേമയുടെ പേര് ലതയെന്നും ദീനാനാഥ് മാറ്റിയതിനെ പിന്നീട് ലോകം മുഴുവൻ നെഞ്ചിലേറ്റി. കലയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഹേമ, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ അഞ്ച് മക്കളേയും അച്ഛൻതന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്. ചെറുപ്പംതൊട്ട് നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ ഹേമയുടെ പേര്, ഭാവ്ബന്ധൻ എന്ന നാടകത്തിലെ ലതിക എന്ന കഥാപാത്രത്തോടുള്ള അതിയായ ഇഷ്ടംകൊണ്ട് ലത എന്ന് മാറ്റുകയായിരുന്നു ദീനാനാഥ്.
ലതയ്ക്ക് പതിമൂന്നുവയസ്സുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. തുടർന്ന് തന്റെ സഹോദരങ്ങളെ കാത്തുരക്ഷിക്കേണ്ട ചുമതല ലതയുടേതായി. ഒരു പക്ഷേ, ജീവിതത്തിലുടനീളം താൻ പുലർത്തിയ കാർക്കശ്യം ആ കാലഘട്ടത്തിന്റെ കാഠിന്യങ്ങളിൽ നിന്ന് പിറവിയെടുത്തതാകാമെന്ന് അവർ പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്.
1942 ൽ തന്റെ പതിമൂന്നാം വയസ്സിലാണ് ലത മറാഠി സിനിമയിൽ പാടിത്തുടങ്ങിയത്. "നാചൂ യാ ഗഡേ ഖേലു സാരി" എന്ന ആദ്യ ഗാനം പാടിയത് (കിതി ഹസാൽ) സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
അടുത്ത വർഷം ഗജഭാവു എന്ന സിനിമയിലെ "മാതാ ഏക് സപൂത് കി ദുനിയാ" എന്ന ഹിന്ദി ഗാനം പാടിയത് ശ്രദ്ധിക്കപ്പെട്ടില്ല.
1942മുതൽ 1948 വരെ കുറേയേറെ സിനിമകളിൽ അഭിനയിച്ചെങ്കിലും അതിലും ചുവടുറപ്പിക്കാനായില്ല.ഹിന്ദിയിലെ അന്നത്തെ ഗാനങ്ങളുടെ ശബ്ദസൗന്ദര്യവുമായി യോജിച്ചു പോകുന്നില്ലെന്ന കാരണങ്ങളാൽ തുടക്കകാലത്ത് പാടാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടു.മറാഠി കലർന്ന ഹിന്ദി ഉച്ചാരണം ഉർദുവിന്റെ കാൽപനിക സൗന്ദര്യവുമായി ഇഴചേരുന്നില്ലെന്ന വിമർശനവും ഉണ്ടായി. പക്ഷേ, നിശ്ചയദാർഢ്യത്തോടെ, ഹിന്ദുസ്ഥാനിയും ഉർദുവും പഠിച്ചെടുത്ത ലതയുടെ മുന്നിൽ കാലത്തിനു കീഴടങ്ങേണ്ടിവന്നു.
1945 ൽ മുംബയിലെത്തിയ ലത, ഉസ്താദ് അമൻ അലിഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിയ്ക്കാൻ തുടങ്ങി.1948 ൽ ഗുലാം ഹൈദറുടെ സംഗീതത്തിൽ മജ്ബൂർ എന്ന സിനിമയിലെ "ദിൽ മേരാ തോഡാ മുജേ കഹി കാ നാ ചോരാ" എന്ന ഗാനം ലതയുടെ സംഗീത യാത്രയിലെ വഴിത്തിരിവായി. 1949ൽ മഹൽ എന്ന സിനിമയിൽ ഖേംചന്ദ് പ്രകാശിന്റെ സംഗീതത്തിൽ പാടിയ "ആയേഗാ ആയേഗാ ആനേവാലാ ആയേഗാ" ......
ബർസാത്ത് എന്ന സിനിമയിൽ ശങ്കർ ജെയ്കിഷന്റെ സംഗീതത്തിൽ പാടിയ
"ഹവാ മേം ഉഡ്ത്താ ജായേ മൊറ ലാൽ ദുപ്പട്ടാമൽമൽ"...... തുടങ്ങിയ ഗാനങ്ങൾ സൂപ്പർഹിറ്റായതോടെ ലതയുടെ ചരിത്രം തന്നെ മാറ്റികുറിച്ചു.
എസ്.ഡി. ബർമ്മൻ, ശങ്കർ ജെയ് കിഷൻ, നൗഷാദ്, സലിൽ ചൗധരി, മദൻ മോഹൻ, ഖയ്യാം, പണ്ഡിറ്റ് അമർനാഥ്, ഹുസൻ ലാൽ ഭഗത് റാം, റോഷൻ തുടങ്ങി അക്കാലത്തെ പ്രശസ്തരായ എല്ലാ സംഗീത സംവിധായകർക്കും വേണ്ടി ലത പാടി. 1965 ൽ ലതയെക്കൊണ്ട് ചെമ്മീനിൽ മലയാള ഗാനം പാടിക്കണമെന്നുള്ള മോഹം നടക്കാതെ പോയെങ്കിലും, 1974 ൽ നെല്ലിലൂടെ മലയാളികൾക്ക് ചെങ്കദളിപ്പൂവേണോ എന്നു ചോദിച്ചുകൊണ്ട് സലിൽദാ ആ മോഹം പൂർത്തീകരിച്ചു.
മുകേഷ്, മുഹമ്മദ് റഫി, കിഷോർ, ഹേമന്ത് കുമാർ, മന്നാ ഡെ, മഹേന്ദ്ര കപൂർ തുടങ്ങിയ പ്രശസ്ത ഗായകർക്കൊപ്പം ലതയുടെ ശബ്ദവും മുഴങ്ങി.
1960 - 70 കളിൽ റഫി - ലത കൂട്ടുകെട്ടിൽ പിറന്നവയെല്ലാം സൂപ്പർ ഹിറ്റുകൾ.....
*ദോ സിതാരോം കാ ജമീൻ പർ (കോഹിനൂർ)
*തസ്വീർ തേരി ദിൽ മേം (മായ)
*ദിൽപുകാരെ ആരെയാരെയാരെ (ജുവൽ തീഫ്)
*ജൊ വാദാ കിയാ വൊ (താജ്മഹൽ)
*തേരി ബിന്ദിയാരേ (അഭിമാൻ)
*കോറാ കാഗസ് ഥാ യേ മൻ മേരാ (ആരാധന)
*തേരേ ബിനാ സിന്ദഗി സേ (ആന്ധി)
*തേരെ മേരെ മിലൻ കി (അഭിമാൻ)
തുടങ്ങി കിഷോർ കുമാർ -ലത കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ.
ലതയുടെ സോളോ ഗാനങ്ങളെല്ലാം അതി മനോഹരങ്ങളാണ് - അനശ്വരങ്ങാണ്...... അതുകൊണ്ടു തന്നെ അവ പ്രത്യേകിച്ച് എടുത്തു പറയുക എന്നതും സാദ്ധ്യമല്ല.
എങ്കിലും അവയിൽ ചിലത് .....
*പംഛി ബനൂ ഉട്ത്തി ഫിറൂം .....
* ആജാ രേ പര്ദേശി.. മേ തൊ......
* മൻ ഡോലെ മേരാ തൻ ഡോലെ ....
* പ്യാർ കിയാ തൊ ഡർനാ ......
* ആപ് കി നസരോം നെ ......
* പിയാ തോ സെ നൈനാ ലാഗേ ....
* രംഗീലാ രേ ......
* ഇൻഹി ലോഗോം നെ ......
* ഈശ്വര് സത്യ ഹേ......
1974 ൽ ലോകത്തിലെത്തന്നെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായികയെന്ന ഗിന്നസ് ലോക റെക്കോർഡ് ലതയെത്തേടിയെത്തി.
അതിലേറെ ഗാനങ്ങൾ മുഹമ്മദ് റഫി പാടിയിട്ടുണ്ടെന്ന വാദവും പല കണക്കുകളും പിന്നാലെ ഉയർന്നപ്പോൾ, പാട്ടുകളുടെ എണ്ണത്തിൽ കൃത്യമായ കണക്ക് താൻ സൂക്ഷിച്ചിട്ടില്ലന്ന പരാമർശത്തിലൊതുങ്ങി ലത.
ചില സംഗീത സംവിധായകരുമായുള്ള ലതയുടെ പിണക്കം കാരണം അവർ പാടേണ്ടിയിരുന്ന പല പാട്ടുകളും ആശാ ഭോസ്ലെയെത്തേടിയെത്തിയതുപോലെ, ഈ അപൂർവ്വ ബഹുമതിയും 2011ൽ അനിയത്തി ആശാ ഭോസ്ലേയ്ക്കു ലഭിച്ചതും ചരിത്രത്തിന്റെ മറ്റൊരിടപെടൽ.

സംഗീത സംവിധായകരായ എസ്.ഡി. ബർമ്മൻ, ഒ.പി. നയ്യാർ, സി.രാമചന്ദ്ര,ഗായകരായ മുഹമ്മദ് റഫി, ജി.എം. ദുറാനി എന്നിവരുമായുള്ള വർഷങ്ങളോളം നീണ്ടുനിന്ന ലതയുടെ പിണക്കംമൂലം കുറേയേറെ ഗാനങ്ങൾ പാടാനായില്ല.ബർമ്മന്റെ സംഗീതത്തിന് അനുഭൂതിതീർക്കുന്ന കാലത്തായിരുന്നു അവർ തമ്മിലുള്ള പിണക്കം. അഞ്ചു വർഷങ്ങൾക്കു ശേഷമാണ് മകൻ ആർ.ഡി. ബർമ്മൻ മുൻകയ്യെടുത്ത് പിണക്കം തീർത്തത്.
റോയൽറ്റിയുടെ കാര്യത്തിലായിരുന്നു റഫിയുമായുള്ള തർക്കം. ഇത് വ്യക്തിതലത്തിൽ എത്തിയതോടെ ഹിന്ദി സിനിമാലോകം കണ്ട എക്കാലത്തേയും ഭാവസാന്ദ്രമായ നാനൂറിൽപരം യുഗ്മഗാനങ്ങൾ പാടിയ ജോഡി വേർപിരിഞ്ഞു. നാലു വർഷങ്ങൾക്കു ശേഷം ഒരു സംഗീത നിശയിലാണ് അവർ വീണ്ടും ഒരുമിച്ചത്.
ലതയെക്കൊണ്ടു പാടിക്കാൻ സ്റ്റുഡിയോ ഒരുക്കി മുന്നുദിവസം കാത്തിരുന്നിട്ടും തിരക്കു കാരണം എത്താതിരുന്ന ലതയെ കണിശക്കാരനായ ഒ.പി. നയ്യാർ പിന്നീട് ഒരിക്കലും അടുപ്പിച്ചില്ല. ഇത് നേട്ടമായത് ആശാ ഭോസ്ലേയ്ക്കായിരുന്നു. റിക്കാർഡിംഗിനെത്തിയ സമയത്ത് ലത അണിഞ്ഞിരുന്ന മാലയെപറ്റി പരാമർശിച്ചതാണ് ഗായകൻ ജി.എം. ദുറാനിയുമായുള്ള കലഹകാരണം.
വിവാഹാഭ്യാർത്ഥന നിരസിച്ചതാണ് സംഗീത സംവിധായകൻ രാമചന്ദ്രയുമായുള്ള ബന്ധം വഷളാക്കിയത്. ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ രാമചന്ദ്രയും, രാജ് സിംഗ് ദുർഗ്ഗാപൂരും, ഭൂപൻ ഹസാരികയും ........ ഇങ്ങിനെ പ്രണയത്തിന്റെ നാൾവഴികളിൽ പലപേരുകളും ചേർക്കപ്പെട്ടെങ്കിലും ലതയുടെ നിതാന്ത പ്രണയം സംഗീതം മാത്രമായിരുന്നു.
എട്ടുപതിറ്റാണ്ടോളം നീണ്ട സംഗീത സപര്യയ്ക്ക് 2022 ഫെബ്രുവരി 6ന് അവർ വിടപറഞ്ഞെങ്കിലും, എല്ലാറ്റിനുമൊടുവിൽ ബാക്കിയാവുന്നത് ലതാ മങ്കേഷ്കർ എന്ന അനശ്വരഗായികയുടെ മാസ്മരീക ശബ്ദം മാത്രം .....!
അതിൽ ലയിക്കാനായത് ഈ കാലഘട്ടത്തിൽ ജീവിച്ചവരുടെ
മഹാ ഭാഗ്യവും ......!
"ലഗ് ജാ ഗലെ കി ഫിർ യെ
ഹസീ രാത് ഹോ ന ഹോ
ശായദ് ഫിർ ഇസ് ജനം
മേം മുലാക്കാത്ത് ഹോ ന ഹോ ........"
("എന്നെ പുണർന്നു കൊള്ളൂ. പ്രിയനേ ...
ഈ സുന്ദരമായ രാത്രി ഇനിയൊരിക്കലും തിരികെ വരില്ല....
ഒരു പക്ഷേ, ഈ ജന്മത്തിൽ നാമിനി ഒരിക്കലും കണ്ടുമുട്ടിയില്ലെന്നും വന്നേക്കാം ......." )