ശുഭദിന ആശംസകളോടെ ഇന്നത്തെ മുഖക്കുറിയിലേക്ക് സ്വാഗതം.... പ്രതിഭകൊണ്ട് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് രേവതി.സിനിമയുടെ മിക്കമേഖലയിലും കൈ വെച്ച സ്ത്രീ സാന്നിധ്യം. അഭിനേത്രി, സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ഒരുപോലെ തിളങ്ങിയ അവർ, നാല് പതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യൻ സിനിമയുടെ അഭിമാനസാന്നിധ്യമാണ്. ഇന്നത്തെ മുഖക്കുറിയിൽ അഭിനയമികവുകൊണ്ട് കോടിക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം രേവതിയെക്കുറിച്ചാണ്.
1966 ജൂലൈ 8-ന് കൊച്ചിയിൽ ആശാ കേളുണ്ണി നായർ എന്ന പേരിൽ ജനിച്ച രേവതി, ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിരുന്ന മേജർ കേളുണ്ണി നായരുടെയും ലളിതയുടെയും മകളാണ്. ഏഴാം വയസ്സിൽ തന്നെ ഭരതനാട്യം അഭ്യസിക്കാൻ തുടങ്ങിയ അവർ 1979-ൽ ചെന്നൈയിൽ അരങ്ങേറ്റം കുറിച്ചു.
1983-ൽ ഭാരതിരാജ സംവിധാനം ചെയ്ത തമിഴ് ചിത്രം മൺ വാസനൈയിലൂടെയാണ് രേവതി അഭിനയരംഗത്തേക്ക് എത്തിയത്. അതേ വർഷം ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച് ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി.
മലയാളത്തിൽ ആൺകിളിയുടെ താരാട്ട്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, വരവേൽപ്പ്, ദേവാസുരം, മായാമയൂരം, അഗ്നിദേവൻ, കിലുക്കം, വൈറസ്, ഭൂതകാലം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പ്രത്യേകിച്ച് കിലുക്കം എന്ന ചിത്രത്തിലെ അഭിനയവും ദേവാസുരം എന്ന ചിത്രത്തിലെ കഥാപാത്രവും അവരുടെ അഭിനയജീവിതത്തിലെ മികച്ച പ്രകടനങ്ങളിൽ ഉൾപ്പെടുന്നു.
അഭിനയത്തിന് പുറമെ സംവിധായികയായും രേവതി തന്റെ കഴിവ് തെളിയിച്ചു. മിത്ര്, മൈ ഫ്രണ്ട്, ഫിർ മിലേംഗെ, സലാം വെങ്കി എന്നീd ചിത്രങ്ങൾ സംവിധാനം ചെയ്ത അവർ മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടി. ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും അവർ ശ്രദ്ധേയയാണ്.
മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് ഫിലിംഫെയർ സൗത്ത് അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ രേവതിയെ തേടിയെത്തി. 2022-ലെ ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അവർ നേടി. ശക്തമായ സ്ത്രീകഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അപൂർവ അഭിനേത്രിമാരിൽ ഒരാളായാണ് രേവതി ഇന്നും വിലയിരുത്തപ്പെടുന്നത്.
ഇന്ന്, ജൂലൈ 8, പ്രിയ നടി രേവതിയുടെ ജന്മദിനമാണ്. അഭിനയത്തിന്റെ പുതിയ ഉയരങ്ങൾ ഇനിയും കീഴടക്കാൻ സാധിക്കട്ടെ. ആരോഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ ദീർഘായുസ്സ് നേരുന്നു.
പ്രിയനടിക്കു മുഖക്കുറിയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..
@
