"എന്റെ ചോരയ്ക്ക് എന്താ ഇത്ര മധുരം?"
കേശവൻ സ്വയം പിറുപിറുത്തു. കുട്ടിക്കാലം തൊട്ടേയുള്ള ശാപമാണിത്. എവിടെപ്പോയാലും, ആര് കൂടെയുണ്ടായാലും കൊതുകുകൾ കൃത്യമായി കേശവനെ കണ്ടുപിടിക്കും.
"ഡാ കേശവാ, നീ കൂടെയുള്ളപ്പോൾ ഞങ്ങൾക്ക് കൊതുക് തിരിയുടെ ആവശ്യമില്ലെടാ, കൊതുകുകൾ നിന്റെ ചുറ്റും കൂടിക്കോളും! "
കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാർ കളിയാക്കുമായിരുന്നു,
" ഇതെന്താ പിറന്നാൾ കഴിഞ്ഞപ്പോഴേക്കും വാർത്താപത്രിക മാറി കഥ ആയോ..?"
ചിലരുടെയെങ്കിലും മനസ്സിൽ ഒരു സംശയം തോന്നിയില്ലേ...?
കഥ കഴിഞ്ഞു, ഇനി കാര്യത്തിലേക്ക് വരാം...
ഒരേ സ്ഥലത്ത് ഒരുമിച്ചിരിക്കുമ്പോൾ ചിലരെ മാത്രം കൊതുകുകൾ ആവർത്തിച്ച് കടിക്കുകയും മറ്റു ചിലരെ തിരിഞ്ഞു പോലും നോക്കാതിരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടോ?
എന്തായിരിക്കാം കാരണം?
അതിന് പിന്നിൽ ശരീരത്തിലെ ചില ജൈവ രാസ ഘടകങ്ങൾ ആണെന്ന് പുതിയ പഠനം പറയുന്നു.
കൊതുകുകളില് ആൺ കൊതുകുകൾ പഞ്ച പാവമാണെന്നും പെൺ കൊതുകുകളാണ് രക്തം ഊറ്റി കുടിക്കുന്നത് എന്നും അറിയാമല്ലോ..?
എന്നാൽ രക്തം ഊറ്റി കുടിക്കുമ്പോൾ അത് ആണുങ്ങളെ മാത്രം തെരഞ്ഞ് കടിക്കുകയില്ല കേട്ടോ....
പക്ഷേ ചില പുരുഷന്മാരെയും ചില സ്ത്രീകളെയും കൊതുക് മൈൻഡ് പോലും ചെയ്യില്ല....
എന്താ കാരണം എന്ന് നമുക്കൊന്ന് വിശദമായി തന്നെ പരിശോധിച്ചാലോ?
മനുഷ്യർ പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡ്, ശരീരം ഗന്ധം, ശരീര താപം, ചർമ്മത്തിലെ ഈർപ്പം എന്നിവയാണ് കൊതുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
ശരീരതാപനില കൂടുതലുള്ള ആളുകളെയും (ഉദാഹരണത്തിന് വ്യായാമം ചെയ്തതിന് ശേഷം) വിയർപ്പുള്ളവരെയും കൊതുകുകൾ പെട്ടെന്ന് കണ്ടെത്തുന്നു.
നമ്മൾ പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുതലാണെങ്കിൽ അത് കൊതുകുകളെ വലിയ തോതിൽ ആകർഷിക്കും. വണ്ണമുള്ളവരും ഗർഭിണികളും സാധാരണക്കാരേക്കാൾ കൂടുതൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളാറുണ്ട്. വണ്ണം ഉള്ളവരെയും, ഗർഭിണികളെയും കൊതുക് തെരഞ്ഞുപിടിച്ച കടിക്കുന്നതിന്റെ രഹസ്യം ഇപ്പോൾ പിടികിട്ടിയോ?
നമ്മുടെ ചർമ്മത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന ബാക്ടീരിയകളുടെ എണ്ണവും തരവും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലതരം ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന മണം കൊതുകുകൾക്ക് വളരെ പ്രിയപ്പെട്ടതാണ്.
വിയർപ്പിലുള്ള ലാക്റ്റിക് ആസിഡ്, അമോണിയ, യൂറിക് ആസിഡ് എന്നിവയുടെ സാന്നിധ്യം കൊതുകുകളെ ആകർഷിക്കാൻ കാരണമാകും.
വസ്ത്രത്തിന്റെ നിറവും കൊതുകടിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
കറുപ്പ്, കടും നീല തുടങ്ങിയ കടും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൊതുകുകളെ വേഗത്തിൽ ആകർഷിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
ചിലർ തമാശയ്ക്ക് പറയാറുണ്ട് എന്റെ ബ്ലഡ് ഗ്രൂപ്പ് കൊതുകിന് അലർജി ഉണ്ടാക്കുമെന്ന്. അതുകൊണ്ട് എന്റെ പരിസരത്തേക്ക് കൊതുക് വരില്ല എന്നും പറയാറുണ്ട്.!
പലരും 'O' ഗ്രൂപ്പുകാരെ കൊതുക് കൂടുതൽ കടിക്കും എന്ന് വിശ്വസിക്കുമ്പോഴും, "രക്തഗ്രൂപ്പും കൊതുകടിയും തമ്മിൽ നേരിട്ട് അത്ര വലിയ ബന്ധമില്ല" എന്ന് വാദിക്കുന്ന ആധുനിക പഠനങ്ങളും ശക്തമാണ്.
മുൻകാല പഠനങ്ങളുടെ പോരായ്മകൾ
'O' ഗ്രൂപ്പുകാരെ കൊതുക് കൂടുതൽ കടിക്കും എന്ന വാദത്തിന് അടിസ്ഥാനമായ ചില പഠനങ്ങൾ വളരെ കുറച്ചുപേരെ മാത്രം (ചെറിയൊരു ഗ്രൂപ്പ്) വെച്ച് നടത്തിയതായിരുന്നു. അതുകൊണ്ടുതന്നെ, ആഗോളതലത്തിൽ എല്ലാ മനുഷ്യർക്കും ഇത് ബാധകമാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്ന് പുതിയ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഒരാളെ കൊതുക് സ്ഥിരമായി കടിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അയാളുടെ ശരീരത്തിൽ നിന്നുള്ള പ്രത്യേക രാസവസ്തുക്കളുടെ മണമാണ്, അല്ലാതെ രക്തഗ്രൂപ്പല്ല.
കൊതുകിന് വേണ്ടത് രക്തമാണ്, അത് ഏത് ഗ്രൂപ്പായാലും അവയ്ക്ക് കുഴപ്പമില്ല! കൊതുക് കടിക്കാത്തവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ അവർക്ക് മനസ്സമാധാനത്തോടെ കഴിയാം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വാർത്ത പത്രികയുടെ ഈ ഭാഗം ഇവിടെ പൂർണ്ണമാകുന്നു.
@
